സുൽത്താൻ ബത്തേരി: മഴയുടെ ലഭ്യത കുറഞ്ഞതോടെ വയനാട് വീണ്ടും ചൂടിന്റെ പിടിയിലേക്ക്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ താപനിലയിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ ജില്ലയിലും പകൽച്ചൂട് ശക്തമായി. അന്തരീക്ഷ ഈർപ്പം കൂടിയതോടെ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് പല പ്രദേശങ്ങളിലും.
ഈ മാസം ആറിന് അന്പലവയൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 27.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കൂടിയ താപനില. കുറഞ്ഞ താപനില 17.6 ഡിഗ്രിയും. മഴ രേഖപ്പെടുത്തിയില്ല. ആറു മണിക്കൂറിലധികം സൂര്യപ്രകാശവും ലഭിച്ചു. എന്നാൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെട്ടു. പുൽപ്പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് താപനില 30 ഡിഗ്രിയോടടുത്ത് എത്തിയപ്പോൾ അനുഭവപ്പെട്ട ചൂട് 31 ഡിഗ്രിയോളമായിരുന്നു.
സുൽത്താൻ ബത്തേരിയിലും കഴിഞ്ഞ ദിവസങ്ങളിൽ പകൽ ചൂട് ശക്തമായിരുന്നു. ഈ മാസം ആറിന് നഗരപ്രദേശത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസിനോട് അടുത്തായിരുന്നു. എന്നാൽ ഈർപ്പം കൂടിയതിനാൽ അനുഭവപ്പെടുന്ന ചൂട് അതിലും കൂടുതലായിരുന്നു. അടുത്ത ദിവസത്തേക്ക് 30 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാനുള്ള സാധ്യതയും വിവിധ പ്രാദേശിക പ്രവചനങ്ങളിൽ കാണുന്നു.
മാനന്തവാടിയിലും സമാനമായ സ്ഥിതിയാണ്. പകൽ താപനില 27-28 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം ചൂട് കൂടുതൽ അനുഭവപ്പെടുന്ന അവസ്ഥയാണുള്ളത്. വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ പകൽ താപനില വീണ്ടും ഉയരാനാണ് സാധ്യത. കൽപ്പറ്റയിലും പകൽ ചൂട് സാധാരണ നിലയിൽനിന്ന് ഉയർന്ന അനുഭവമാണ്. ഈ മാസം ആറിന് കൽപ്പറ്റയിൽ 28 ഡിഗ്രി സെൽഷ്യസിന് സമീപം താപനിലയും ഏകദേശം 30 ഡിഗ്രിയോളം അനുഭവച്ചൂടും രേഖപ്പെടുത്തിയിരുന്നു.
തെക്കുപടിഞ്ഞാറൻ മണ്സൂണ് ദുർബലമായതും മഴയുടെ ലഭ്യത കുറഞ്ഞതുമാണ് ഇപ്പോഴത്തെ അസാധാരണ ചൂടിന്റെ പ്രധാന കാരണങ്ങളിലൊന്നായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം ഉയർന്നുനിൽക്കുന്നതിനാൽ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്ന യഥാർഥ താപനിലയേക്കാൾ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മഴയുടെ ഇടവേള നീളുന്നതോടെ വയനാട്ടിലെ കാർഷിക മേഖലയിലും ആശങ്ക ശക്തമാകുകയാണ്. പച്ചക്കറി, നെല്ല്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ വിളകൾക്ക് ആവശ്യമായ ഈർപ്പം നിലനിർത്താൻ കൂടുൽ ജലസേചനം വേണ്ടിവരുന്നു. കിണറുകളിലും ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്നാൽ വരും ദിവസങ്ങളിൽ കൃഷിയിടങ്ങളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാം.
ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും അധികൃതർ നിർദേശിക്കുന്നു. വയോധികർ, കുട്ടികൾ, കർഷകർ, നിർമാണ തൊഴിലാളികൾ ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മഴ ലഭ്യത ഇനിയും കുറഞ്ഞുനിൽക്കുകയും വരും ദിവസങ്ങളിലെ താപനില വർധിക്കുകയും ചെയ്താൽ വയനാട്ടിലെ പതിവ് തണുത്ത കാലാവസ്ഥയ്ക്ക് പകരം ചൂടും വരൾച്ചയും നിറഞ്ഞ കാലാവസ്ഥയിലേക്ക് ജില്ല നീങ്ങുമെന്ന ആശങ്ക ശക്തമാണ്.